Saturday, November 10, 2007

അനില്‍ കുംബ്ലെ-വൈകിയതില്‍ പരിഭവമില്ലാതെ

ഒരുപാട് സെലിബ്രിറ്റികളെ ആഘോഷിച്ചതാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം.പ്രത്യേകിച്ചും റ്റിവിയുടെ പ്രചാരം കൂടിയ 90കള്‍ക്ക് ശേഷം.ഇത്ര ചെറിയ ഒരു കളിക്ക് (ലോകപ്രചാരത്തിന്റെ കാര്യത്തീല്‍) ഇത്രയും അധികം ആരാധകരെയും വിഗ്രഹങ്ങളെയും സൃഷ്ടിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന് ലോകം അല്‍ഭുതപ്പെട്ടു.ക്രിക്കറ്റിനു കിട്ടുന്ന അമിത മാധ്യമശ്രദ്ധ മറ്റു കായികതാരങ്ങളെ ഒട്ട് അലോസരപ്പെടുത്തുന്നതും അതിലേറെ അസൂയപ്പെടുത്തുന്നതുമായിരുന്നു.

അനില്‍ കുംബ്ലെ ഒരിക്കലും ഒരു മാധ്യമാഘോഷമായിരുന്നില്ല.അദ്ദേഹത്തിന് ഏറെ അര്‍ഹിച്ച ഈ നായകപദവി പോലും വൈകാന്‍ കാരണം ഈ പതിഞ്ഞ സ്വഭാവമയിരിക്കണം.ഒന്നോ ഒറ്റയോ കളികളില്‍ തകര്‍ത്തടിച്ച് കുറേ ആരാധകരെ നേടി,പിന്നീട് അവരുടെ പഴിയും കേട്ട് മറവിയിലേക്ക് തള്ളപ്പെട്ട ഒട്ടനവധി ക്ഷണഭംഗുരതാരങ്ങള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്നു ഈ കര്‍ണ്ണാടകക്കാരന്‍ അസ്വാഭവിക സ്പിന്നര്‍.

സച്ചിന്‍,ഗാംഗുലി,ദ്രാവിഡ്,അസര്‍ തുടങ്ങിയ അനേകം നക്ഷത്രങ്ങള്‍ പ്രദാനം ചെയ്തതില്‍ അധികം വിജയം തന്റെ തോല്‍ക്കാന്‍ മനസ്സില്ലാത്ത നിശ്ചയദാര്‍ഡ്യം കൊണ്ട് അനില്‍ ഇന്ത്യക്ക് നല്‍കി.ഒരിക്കലും അദ്ദേഹം ശ്രീശാന്തിനെയോ ആധുനിക ക്രിക്കറ്റിലെ മറ്റ് സ്ലെഡ്ജിംഗ് വീരന്മാരെയോ പോലെ അട്ടഹസിക്കുകയോ അലറി വിളിക്കുകയോ ചെയ്തില്ല.എന്നിട്ടും എതിരാളികള്‍ പോരാട്ടവീര്യത്തിന്റെ ആ ഹോസ്റ്റിലിറ്റി സദാ അനുഭവിച്ചറിഞ്ഞു.ഒരു എഞിനീയറുടെ കൃത്യതയോടെ അദ്ദേഹം ലക്‍ഷ്യഭേദികളായ തന്റെ അസ്ത്രങ്ങള്‍ അയച്ചു.അത് റ്റോപ് സ്പിന്നറാകാം,ഒരു ഡ്രിഫ്റ്ററാകാം,ഒരു ഗൂഗ്ലിയാകാം,അധികം തിരിയാത്ത ഒരു ലെഗ് സ്പിന്നറുമാകാം.

അദ്ദേഹം പന്തിന്റെ ഒരു നല്ല സ്പിന്നറേ ആയിരുന്നില്ല.പക്ഷെ വൈവിധ്യത്തില്‍ അദ്ദേഹം സമകാലീനരായിരുന്ന മുരളിയെയും വാണിനെയും കടത്തി വെട്ടി.(ഫലപ്രദമായ ഒരു ഗുഗ്ലി എറിയാന്‍ അവസാനകാലം വരെ വാണ്‍ വല്ലാതെ പ്രയത്നിച്ചിരുന്നു.സച്ചിനുമായുള്ള പോരില്‍ അദ്ദേഹത്തിന് തോല്‍ക്കേണ്ടി വന്നതും ഈ വജ്രായുധത്തിന്റെ അഭാവം കൊണ്ടായിരുന്നു).അതിലുമൊക്കെ ഉപരിയായിരുന്നു അദ്ദേഹത്തിന്റെ പോരാട്ടവീര്യം.അത് വിട്ടു കൊടുക്കാന്‍ ഒരിക്കലും മനസ്സു കാട്ടിയില്ല.ഏത് പ്രതികൂലത്തിലും ഒരു അനുകൂലത അത് വളര്‍ത്തിയെടുത്തു.

കഴിഞ്ഞ 17 കൊല്ലമായി ക്രിക്കറ്റിനെ അതിന്റെ എല്ലാ മാന്യതയോടും കൂടി അനില്‍ കളിച്ചു വരുന്നു.വല്ലാത്ത ഒരു കമാന്‍ഡിംഗ് ശേഷിയോടെ എന്നാല്‍ വളരെ വിനയാന്വിതനായി അദ്ദേഹം “ചിരിക്കുന്ന കൊലയാളി” എന്ന തന്റെ അപരനാമം അന്വര്‍ത്ഥമാക്കി കൊണ്ടിരിക്കുന്നു.അദ്ദേഹത്തിനു നായകസ്ഥാനം നല്‍കിയതിലൂടെ സെലക്റ്ററുമാര്‍ നീതി ചെയ്യുകയല്ല,മറിച്ച് ഒരു അനീതി തിരുത്തുകയാണ് ചെയ്തത്.
അനില്‍ കുംബ്ലെയ്ക്ക് എല്ലാ ഭാവുകങ്ങളും,ഒപ്പം റ്റീം ഇന്ത്യക്കും